Thursday, October 29, 2009

ഞാനറിഞ്ഞ ലൗ ജിഹാദ്‌
ലീലാമേനോന്‍
http://www.janmabhumidaily.com/detailed-story?newsID=3456

സിവില്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ കര്‍ണാടക സ്വദേശിനി സില്‍ജ മതം മാറി കാര്‍ഡ്രൈവറായ അഷ്ക്കറിനോടൊപ്പം ഒളിച്ചോടി. ബന്ധുവിന്റെ കല്യാണത്തിന്‌ ഓട്ടംവന്ന ടാക്സി ഡ്രൈവറായിരുന്നു അഷ്ക്കര്‍. സില്‍ജ മുസ്ലീം മതം സ്വീകരിച്ച്‌ ഒളിച്ചോടിയശേഷം മദ്രസയില്‍ മതത്തെപ്പറ്റി പഠിക്കാന്‍ താമസിക്കുമ്പോഴാണ്‌ പിതാവ്‌ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിപ്രകാരം പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ കോടതി മുന്‍പാകെ ഹാജരാക്കിയത്‌.

സ്വന്തം ഇഷ്ടപ്രകാരമാണ്‌ അഷ്ക്കറിനൊപ്പം പോയതെന്നും നിര്‍ബന്ധിച്ച്‌ മതം മാറ്റിയിട്ടില്ലെന്നും സില്‍ജ പറഞ്ഞു. ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നു പറഞ്ഞ്‌ ഉദ്ധരിച്ചത്‌ കമലാ സുരയ്യയുടെ മതം മാറ്റമായിരുന്നു. പ്രണയം എപ്പോഴും നല്ല രീതിയില്‍ അവസാനിക്കണമെന്നില്ലെന്നും ജഡ്ജി പറയുകയുണ്ടായി.

കമലാ സുരയ്യയുടെ ഉദാഹരണം എടുത്തുപറഞ്ഞത്‌ എന്റെ മനസ്സില്‍ തറച്ചു. കമലാദാസ്‌ കമലാ സുരയ്യയായി മാറിയപ്പോഴും എന്റെ ഉത്തമ സുഹൃത്തായിത്തന്നെ തുടര്‍ന്നു. തന്റെ മനസ്സിലെ വികാര വിചാരങ്ങള്‍ എന്നോട്‌ പങ്കിട്ടിരുന്ന കമലയുടെ മാനസികാവസ്ഥ എനിക്കറിയാമായിരുന്നു. കമല മരിക്കുന്നതിനുമുന്‍പ്‌ പൂനെയില്‍ പോയപ്പോള്‍ എന്നെ അടുത്തുകിടത്തി എന്റെ കൈപിടിച്ച്‌ പറഞ്ഞത്‌ ലളിതാസഹസ്രനാമം ചൊല്ലാനായിരുന്നു.

ലൗ ജിഹാദിന്റെ ആദ്യ അറിയപ്പെടുന്ന ഇര കമലാദാസായിരുന്നു. കമലാ സുരയ്യയെ സുരയ്യയാക്കിയത്‌ പ്രണയം നടിച്ചായിരുന്നു. പക്ഷേ മാധവിക്കുട്ടി ആയിരുന്നില്ല ആദ്യ ഇര. ആ മാധവിക്കുട്ടിയുടെ കാമുകന്‍ വേറൊരു സാഹിത്യകാരിയോട്‌ 'നീയാണെന്റെ സുരയ്യ' എന്നുപറഞ്ഞിരുന്നു. പക്ഷേ അവര്‍ അയാളെ പുറത്തേക്കുള്ള വഴികാണിച്ചുകൊടുക്കുകയായിരുന്നു. മാധവിക്കുട്ടി അയാളെ സ്വീകരിച്ച്‌ മതം മാറുകയാണ്‌ ചെയ്തത്‌. ഇത്‌ മാധവിക്കുട്ടിയുടെ തന്നെ വാക്കുകളില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അവരുടെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: "ഞാന്‍ ഞാന്‍ തന്നെയായിരുന്നു. കുറച്ചുകാലം. അപ്പോള്‍ പ്രേമം വന്നു. വിധവയായി ജീവിക്കുമ്പോള്‍ സ്നേഹം തരാം എന്നൊരാള്‍ പറഞ്ഞു. ഞാനും ഒരു പെണ്ണല്ലേ. അയാളെ വിശ്വസിച്ചു. അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാകില്ലേ. എങ്കിലും അയാള്‍ ഭീരുവായിരുന്നു." ഇപ്പോള്‍ ലൗ ജിഹാദിന്റെ പ്രമുഖ ഇര പ്രസിദ്ധ സാഹിത്യകാരി മാധവിക്കുട്ടിയാണ്‌ എന്ന്‌ ഹിന്ദുഐക്യവേദി പറയുന്നു. ഇതെല്ലാം മനസ്സില്‍ തികട്ടിവന്നപ്പോള്‍ എനിക്ക്‌ സുഗതകുമാരി പറഞ്ഞ ഒരു സംഭവം ഓര്‍മവന്നു. ഒരിക്കല്‍ അവര്‍ നടത്തുന്ന അഭയയില്‍ ഒരു മുസ്ലീം പെണ്‍കുട്ടി എത്തിപ്പെട്ടു. ആ കുട്ടിയെ ഒരു മുസ്ലീം അനാഥാലയത്തിലേല്‍പ്പിക്കാന്‍ അഭയയിലെ രണ്ടു വനിതാ പ്രവര്‍ത്തകര്‍ ഒരു മുസ്ലീം ഓര്‍ഫനേജിലെത്തി. പെണ്‍കുട്ടിയെ കൈമാറിയശേഷം തിരിച്ചുവരാന്‍ സമയം വൈകിയതിനാല്‍ അവിടെ താമസസൗകര്യം ബന്ധപ്പെട്ടവര്‍ ഏര്‍പ്പാടാക്കി.

രാത്രിയില്‍ അവര്‍ ഉറങ്ങാന്‍ കിടന്നു. ഏകദേശം 11 മണിയോടെ ജനലില്‍ക്കൂടി ഒരു കൈവന്ന്‌ രാജമ്മ ടീച്ചറുടെ കാലില്‍ തട്ടിവിളിച്ചു. നോക്കുമ്പോള്‍ ജനാലയ്ക്കപ്പുറത്ത്‌ തലയില്‍ തട്ടമിട്ട ഒരു മധ്യവയസ്ക. വിവരം ആരാഞ്ഞപ്പോള്‍ അവര്‍ കൊഞ്ചുന്ന സ്വരത്തില്‍ പറഞ്ഞു: 'എനിക്ക്‌ കേള്‍ക്കാന്‍ ഒരു കീര്‍ത്തനം ചൊല്ലാമോ?' ഏതു കീര്‍ത്തനം? 'കരളില്‍ വിവേകം കൂടാതെ കണ്ടൊരു' എന്ന കീര്‍ത്തനം.

രാജമ്മ ടീച്ചര്‍ ആ കീര്‍ത്തനം ചൊല്ലി "കരളില്‍ വിവേകം കൂടാതെ കണ്ടൊരു നിമിഷം
ബത കളയരുതാരും
മരണം വരുമിനി എന്നു നിനച്ചിഹ
കരുതുക സതതം നാരായണ ജയ
ബഹു ജന്മാര്‍ജ്ജിത കര്‍മമശേഷം
തിരുമുല്‍ക്കാഴ്ച നിനക്കിഹവച്ചേന്‍
ജനിമരണങ്ങള്‍ എനിക്കിനി വേണ്ടാ പരിപാലയമാം നാരായണ ജയ"

എന്നായിരുന്നു ആ കീര്‍ത്തനം. അതു ചൊല്ലുമ്പോള്‍ ആ സ്ത്രീയുടെ കണ്ണില്‍നിന്നും ധാരമുറിയാതെ കണ്ണീര്‍ പ്രവഹിച്ചു. എന്തിനാണ്‌ കീര്‍ത്തനം ചൊല്ലാന്‍ ആവശ്യപ്പെട്ടത്‌ എന്നു ചോദിച്ചപ്പോള്‍ താന്‍ ഒരു അമ്പലവാസി വനിതയാണെന്നും ഒരു മുസ്ലീം യുവാവിനെ പ്രേമിച്ച്‌ മതം മാറി നാടുവിട്ട്‌ ഒടുവില്‍ അയാളാല്‍ ഉപേക്ഷിക്കപ്പെട്ട്‌ ഇവിടെ എത്തിയതാണെന്നും കീര്‍ത്തനം കേള്‍ക്കാനുള്ള കൊതികൊണ്ട്‌ ഉപദ്രവിച്ചതാണെന്നും പറഞ്ഞ്‌ അവര്‍ മാപ്പപേക്ഷിച്ചു. അവര്‍ക്ക്‌ അന്ന്‌ ഏതാണ്ട്‌ അന്‍പത്‌ വയസ്സുപ്രായം വരുമായിരുന്നത്രെ.

ഈ കഥ എന്നോട്‌ പറഞ്ഞ സുഗതയുടെ കണ്ണും നിറഞ്ഞിരുന്നു. ഈശ്വര നിശ്ചയം കൂടാതെ ഒരിലപോലും താഴെ വീഴുകയില്ല. നമ്മള്‍ ഓരോ മതത്തില്‍ ജനിക്കുന്നതും ഈശ്വര നിശ്ചയം തന്നെയാണ്‌. എന്തിന്‌ ആ മതം മാറണം? എന്ന്‌ സുഗത ചോദിച്ചു.

എന്റെ മനസ്സിലും ഉയരുന്ന ചോദ്യമാണത്‌. ഞാന്‍ ജനിച്ചത്‌ ഹിന്ദുമതത്തിലാണ്‌. കേട്ടുവളര്‍ന്നത്‌ ഹിന്ദു ദൈവനാമങ്ങളാണ്‌. പോയത്‌ ക്ഷേത്രങ്ങളിലാണ്‌. പക്ഷെ ഒരിക്കലും എനിക്ക്‌ ഒരു മതത്തിനോടും വെറുപ്പ്‌ തോന്നിയിട്ടില്ല. എല്ലാ മതത്തിലും ഒരേ ദൈവമായിരിക്കെ എന്തിന്‌ മതം മാറണം? ഹിന്ദുക്കള്‍ പലരീതിയില്‍ ഈശ്വരപ്രാര്‍ത്ഥന നടത്തുന്നു. ക്രൈസ്തവര്‍ ക്രിസ്തുവിനെയും മേരി മാതാവിനെയും പൂജിക്കുന്നു. മുസ്ലീങ്ങള്‍ അള്ളാഹുവിനെ ഭജിക്കുന്നു. ഇതെല്ലാം ഒരേ ദൈവത്തിന്റെ പല രൂപമായിട്ടോ പേരായിട്ടോ മാത്രമേ എനിക്ക്‌ തോന്നിയിട്ടുള്ളു. അപ്പോള്‍മതംമാറ്റം നിരര്‍ത്ഥകമായ ഒരു സാമൂഹിക ചടങ്ങ്‌ മാത്രമല്ലേ?

ഹൈദരാബാദില്‍ പഠിക്കുന്ന സമയം എന്റെ സുഹൃത്തായ സയിദാപ്പ എന്നു ഞാന്‍ വിളിച്ചിരുന്ന സയിദാ ബീഗം നിസ്ക്കരിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു. അക്തര്‍ എന്ന സുഹൃത്ത്‌ അവളുടെ നൊയമ്പ്‌ വിടലിന്‌ എന്നെ ക്ഷണിക്കാറുണ്ടായിരുന്നു. വൈഡബ്ല്യുസിഎയില്‍ എന്റെ സുഹൃത്ത്‌ മേരിക്കൊപ്പം ഞാന്‍ പള്ളിയില്‍ പോയിട്ടുണ്ട്‌. മേരി നന്മനിറഞ്ഞ മറിയമേ എന്നു ചൊല്ലുമ്പോള്‍ ഞാന്‍ ലളിതാഷ്ടോത്തരശതം നിശ്ശബ്ദമായി ചൊല്ലി.

ഞാന്‍ ദേവീ ഭക്തയാണ്‌. എവിടെ പോയാലും എന്റെ മനസ്സില്‍ തെളിയുന്ന രൂപം ദേവിയുടേതാണ്‌. ഒരിക്കല്‍ കമലാ സുരയ്യയുടെകൂടെ ഒരു ഇസ്ലാമിക കൂട്ടായ്മയില്‍ പ്രസംഗിക്കവേ ഞാന്‍ പറഞ്ഞത്‌ ഞാന്‍ എല്ലാ മതത്തിലും ഒരു ദൈവത്തെ കാണുന്നവളാണെന്നും ഞാന്‍ ഏകദൈവ വിശ്വാസിയാണെന്നും എന്റെ ഏകദൈവം ദേവിയാണെന്നും ആയിരുന്നു. പിറ്റേന്ന്‌ എന്നെ വിളിച്ച്‌ ഏകദൈവവിശ്വാസിയാണെങ്കില്‍ ഇസ്ലാമില്‍ ചേരണം, കാരണം അല്ലാഹു ആണ്‌ ഏകദൈവം എന്ന്‌ ആരോ ഒരാള്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഏകദൈവം ദേവിയാണെന്ന്‌ ഞാന്‍ വിശദീകരിച്ചു.

അതുകൊണ്ടുതന്നെ ഞാന്‍ മതപരിവര്‍ത്തനത്തിനെതിരാണ്‌. കോടതി പറഞ്ഞതുപോലെ പ്രണയം ഏതുവിധത്തില്‍ പര്യവസാനിക്കുമെന്ന്‌ പ്രവചിക്കാന്‍ നിവൃത്തിയില്ലാത്തപ്പോള്‍ സ്വന്തം വിശ്വാസം ത്യജിച്ച്‌ മറ്റൊരു വിശ്വാസം സ്വീകരിച്ച്‌ രക്തത്തില്‍ കലര്‍ന്ന വിശ്വാസത്തോട്‌ ഗൃഹാതുരത്വം തോന്നേണ്ട ഗതികേടിന്‌ എന്തിന്‌ തയ്യാറാകണം. ഞാന്‍ മുന്‍പ്‌ വിവരിച്ച അമ്പലവാസിയായിരുന്ന മുസ്ലീം സ്ത്രീ കീര്‍ത്തനം കേള്‍ക്കാന്‍ ആഗ്രഹിച്ചപോലെ.

ഞാന്‍ ഇതെല്ലാം എഴുതാന്‍ പ്രേരിതയായത്‌ ജന്മഭൂമിയില്‍നിന്നും സ്വയം രാജിവച്ച്‌ പിരിഞ്ഞ ശ്രീദേവി നായര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌. ശ്രീദേവി ക്രിസ്ത്യാനിയെ സ്പെഷ്യല്‍ മാരേജ്‌ ആക്ട്‌ പ്രകാരം വിവാഹം കഴിച്ചിരിക്കുന്നത്‌ എന്നറിഞ്ഞുതന്നെയാണ്‌ ജന്മഭൂമിയില്‍ എടുത്തത്‌. മാസങ്ങള്‍ക്കുശേഷമാണ്‌ ക്രിസ്തുമതം സ്വീകരിച്ച്‌ പള്ളിയില്‍വച്ച്‌ വിവാഹിതയാകാന്‍ പോകുകയാണെന്നാണ്‌ എന്നോട്‌ പറഞ്ഞത്‌. അന്യമതസ്ഥയെ വിവാഹം കഴിച്ച്‌ സന്തുഷ്ടനായി ജീവിക്കുന്ന എന്റെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത്‌ പറയാറുള്ളത്‌ സ്നേഹത്തിന്റെ ഇടയില്‍ മതം കടന്നുവരുമ്പോഴാണ്‌ പ്രശ്നമെന്നും അവര്‍ രണ്ടുപേരും തങ്ങളുടെ മതങ്ങളില്‍ നിലയുറപ്പിച്ച്‌ കുട്ടികളെ ഒരു പ്രശ്നവും കൂടാതെ വളര്‍ത്തുന്നു എന്നുമാണ്‌.

അതുകൊണ്ടാണ്‌ ഞാന്‍ ചോദിച്ചത്‌ സ്നേഹത്തിന്‌ മതമുണ്ടോ എന്ന്‌. സ്നേഹം തന്നെയല്ലേ മതം? എന്റെ സുഹൃത്തുക്കളും ചില സുഹൃത്തുക്കളുടെ മക്കളും വ്യത്യസ്ത മതത്തില്‍നിന്ന്‌ വിവാഹം ചെയ്ത്‌ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്‌. ഓണത്തിന്‌ ക്ഷേത്രത്തിലും ക്രിസ്തുമസ്സിന്‌ പള്ളിയിലും രണ്ടുപേരും ചേര്‍ന്ന്‌ പോകുന്നു. ഒരു പത്രപ്രവര്‍ത്തക എന്നുപറയുമ്പോള്‍ ഒരു ബൗദ്ധികനിലവാരം പ്രതീക്ഷിക്കും. ആ തലത്തില്‍നിന്ന്‌ നോക്കുമ്പോള്‍ മതംമാറ്റം നിരര്‍ത്ഥകമാണെന്ന്‌ എനിക്ക്‌ തോന്നി. മതം ഏതെന്ന്‌ നോക്കാതെ മനുഷ്യരെ സ്നേഹിക്കാന്‍ പഠിച്ചാല്‍ തീവ്രവാദം ഉടലെടുക്കുകയില്ലായിരുന്നു. എല്ലാ മതാചാരങ്ങളും സംശുദ്ധമാണ്‌. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്‌, നന്മയാണ്‌, സഹിഷ്ണുതയാണ്‌.

ഞാന്‍ ഹിന്ദു ആയതില്‍ സന്തോഷിക്കുന്നത്‌ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ കാണാന്‍ പഠിപ്പിക്കുന്നതിനാലാണ്‌. അതാണ്‌ വനം നശിപ്പിക്കുമ്പോഴും മൃഗങ്ങളെയും ഇഴജന്തുക്കളെയും പക്ഷികളെയും മറ്റും കൊല്ലുമ്പോഴും എന്റെ മനസ്‌ വേദനിക്കുന്നത്‌. എല്ലാ മരങ്ങളിലും ഈശ്വരാംശം കാണുമ്പോള്‍, എല്ലാ മൃഗങ്ങളും ഏതെങ്കിലും ഒരു ദൈവത്തിന്റെ വാഹനമായി സങ്കല്‍പ്പിക്കപ്പെടുമ്പോള്‍, സര്‍പ്പങ്ങള്‍ ശിവന്റെ ആഭരണവും വിഷ്ണുവിന്റെ മെത്തയും ആകുമ്പോള്‍, കണ്ണന്‍ കാലികളെ മേയ്ക്കുന്ന എന്ന സങ്കല്‍പ്പം ഉള്ളപ്പോള്‍, എങ്ങനെ ഇതെല്ലാം നശിപ്പിക്കാന്‍ സാധിക്കും? അതുകൊണ്ടുതന്നെ എനിക്ക്‌ തോന്നാറ്‌ ഹിന്ദുമതം പരിസ്ഥിതി സൗഹൃദ മതമാണെന്നാണ്‌. പാമ്പിന്‍കാവിലെ വിശുദ്ധിയും നദികളും ഉറങ്ങും എന്ന സങ്കല്‍പ്പവും മറ്റും അമ്മ ഇളംപ്രായത്തില്‍ എനിക്ക്‌ പകര്‍ന്നുതന്നതാണ്‌.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന 'ലൗ ജിഹാദ്‌' തന്നെ സമൂഹ സ്പര്‍ദ്ധയ്ക്ക്‌ വഴിമരുന്നിടുകയാണ്‌. മനുഷ്യജീവന്‌ വില കല്‍പ്പിക്കാത്ത ഇക്കാലത്ത്‌ ഏതു കലാപവും മനുഷ്യഹത്യയില്‍ കലാശിക്കുന്നു. മനുഷ്യരെ സൃഷ്ടിച്ച ഈശ്വരന്‍ അവര്‍ പരസ്പരം കലഹിച്ച്‌ വെട്ടിക്കൊല്ലണം എന്നാഗ്രഹിക്കുകയില്ല. മതപരിവര്‍ത്തനത്തിന്‌ വിധേയരാകുന്നവര്‍ക്ക്‌ തിരിച്ചുവരവില്ല. ലൗ ജിഹാദില്‍ ഭ്രമിച്ച്‌ മതം മാറുന്ന ആയിരക്കണക്കിന്‌ പെണ്‍കുട്ടികള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്ന്‌ വീട്ടുകാരോ നാട്ടുകാരോ അറിയുന്നില്ല. നൂലറ്റുപോകുന്ന പട്ടങ്ങളായി ഇവര്‍ പറന്നകലുന്നു.

1 comment:

  1. അനുഭവം അലയടിക്കുന്നു വാക്കുകളില്‍ .....
    അനുഭവം ഗുരു .....

    ReplyDelete