Wednesday, November 11, 2009

ക്രൈസ്തവ വിശ്വാസത്തിന്റെ അകംപുറങ്ങള്‍

അഭിമുഖം : കിരണ്‍ തോമ്പില്‍ / ജോസഫ് പുലിക്കുന്നേല്‍

http://thatsmalayalam.oneindia.in/interview/20071103joseph-pulikkunnel-osana-church-jesus.html

കേരളത്തിലെ ആദിമ ക്രൈസ്‌തവര്‍ ആരാണ്‌ എന്നറിയാനുള്ള ആകാംക്ഷ ഓരോ ക്രൈസ്‌തവനും ഉണ്ട്‌. ബഹുഭൂരിപക്ഷം പേരും ഇന്ന്‌ വിശ്വസിക്കുന്നത്‌ യേശുവിന്റെ ശിഷ്യനായ തോമസ്‌ കേരളത്തില്‍ എത്തി സുവിശേഷം പ്രചരിപ്പിച്ചു എന്നതാണ്‌. എന്നാല്‍ തോമസ്‌ വന്നിട്ടില്ല എന്ന്‌ ഒരു വിഭാഗം പറയുന്നു. എന്താണ്‌ താങ്കളുടെ അഭിപ്രായം?

കേരളത്തിലെ ആദിമ ക്രൈസ്‌തവരെ സംബന്ധിച്ച്‌ കൃത്യമായ ഒരു വിവരം ഇതുവരെ ആര്‍ക്കും നല്‌കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. പേര്‍ഷ്യയിലെ മനിക്കേയന്‍ മതപ്രചാകരനായ മാനി രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയിരുന്നു എന്ന്‌ ചരിത്രം പറയുന്നു. അയാളുടെ മതത്തിന്‌ ക്രൈസ്‌തവ ദര്‍ശനങ്ങളുമായി ഒരുപാട്‌ സാമ്യമുണ്ട്‌. ഏതായാലും അഞ്ചാം നൂറ്റാണ്ടില്‍ ഇവിടെ ക്രൈസ്‌തവര്‍ ഉണ്ടായിരുന്നു എന്ന്‌ ചരിത്രരേഖകളുണ്ട്‌. കച്ചവടത്തിനായി വിദേശത്തുനിന്നും ജൂതന്മാര്‍ മറ്റും ഇവിടെ എത്തിയിരുന്നു.

അപ്പോള്‍ മാര്‍ത്തോമ്മാ കേരളത്തില്‍ വന്നു എന്നും ബ്രാഹ്മണരെ മാമ്മോദീസാ മുക്കി എന്നുമുള്ള വാദങ്ങള്‍ക്ക്‌ ഒരു പ്രസക്തിയുമില്ലേ?

മാര്‍ത്തോമ്മാ വന്നു എന്നത്‌ ഇന്നും തെളിയിക്കപ്പെടാനാകാത്ത കേവലം ഒരു മിത്തായി മാത്രമേ നിലനില്‍ക്കുന്നുള്ളൂ. പിന്നെ മാര്‍ത്തോമ്മായുടെ കാലഘട്ടത്തില്‍ കേരളത്തില്‍ ബ്രാഹ്മണന്മാര്‍ ഉണ്ടായിരുന്നില്ല, ആര്യന്മാര്‍ കേരളത്തില്‍ എത്തിയത്‌ ഏഴാം നൂറ്റാണ്ടിലാണെന്നാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌.

അപ്പോള്‍ ആദിമ നൂറ്റാണ്ടില്‍ ക്രൈസ്‌തവമതം പ്രചരിപ്പിക്കപ്പെട്ടത്‌ അന്നിവിടെ ഉണ്ടായിരുന്ന ദ്രാവിഡരുടെ ഇടയിലാകാനാണ്‌ സാധ്യത. മാര്‍ത്തോമ്മാ കേരളത്തില്‍ വന്ന്‌ പള്ളികള്‍ സ്ഥാപിച്ചു എന്നതും കുരിശ്‌ പ്രചരിപ്പിച്ചു എന്നതുമൊക്കെ വിശ്വാസയോഗ്യമേ അല്ല. ആദിമക്രൈസ്‌തവ സമൂഹം കുരിശ്‌ ഒരു ക്രൈസ്‌തവ ബിംബമായി കരുതിയിരുന്നേയില്ല.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ കുരിശ്‌ ക്രൈസ്‌തവചിഹ്നമായി ഉപയോഗിച്ച്‌ തുടങ്ങിയത്‌. അതിനുമുമ്പ്‌ ക്രൈസ്‌തവരുടെ ചിഹ്നം മീന്‍ ആയിരുന്നു.

അങ്ങനെയെങ്കില്‍ ഇവിടുത്തെ ആദിമ ക്രൈസ്‌തവ സമൂഹം എങ്ങനെയുള്ളതായിരുന്നു? അവരുടെ ആരാധനാ രീതികള്‍ എന്തായിരുന്നു? ഏത്‌ ഭാഷയിലാണ്‌ അവര്‍ ആരാധന നടത്തിയിരുന്നത്‌?

പോര്‍ട്ടുഗീസ്‌ മിഷണറിമാരുടെ രേഖകളില്‍നിന്നാണ്‌ കേരളത്തിലെ ക്രൈസ്‌തവരുടെ സമൂഹ സംവിധാനത്തെക്കുറിച്ചും ആരാധനാരീതിയെക്കുറിച്ചും നാം അറിയുന്നത്‌. ആ രേഖകള്‍ വെച്ച്‌ ക്രൈസ്‌തവ സമൂഹത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു മേലധ്യക്ഷനുണ്ടായിരുന്നു. പള്ളിവക വസ്‌തുക്കള്‍ ഭരിച്ചിരുന്നത്‌ പള്ളിയോഗമെന്ന തിരഞ്ഞെടുക്കപ്പെട്ട സമിതിയായിരുന്നു.

ക്രൈസ്‌തവരുടെ ആരാധന ഭാഷതമിഴും മലയാളത്തിന്റെ ആദ്യരൂപവുമായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക ദൈവശാസ്‌ത്രം ഇവര്‍ പിന്തുടരുന്നു എന്ന്‌ കരുതാനാകില്ല. യേശുവിനെ തങ്ങളുടെ ഇഷ്‌ടദേവനായി അവര്‍ സ്വീകരിച്ചിരുന്നു. പാശ്ചാത്യസഭയിലെ പാത്രിയാര്‍ക്കീസിന്‌ തുല്യനായ ഒരാളെ ജാതിക്ക്‌ കര്‍ത്തവ്യന്‍ എന്ന പേരില്‍ അവര്‍ തെരഞ്ഞെടുത്തിരുന്നു. അദ്ദേഹമായിരുന്നു സഭയുടെ തലവന്‍.

താങ്കള്‍ പറഞ്ഞ പ്രകാരമായണെങ്കില്‍ നമുക്ക്‌ ഒരു സുറിയാനി പാരമ്പര്യം ഉണ്ടാകാന്‍ പാടില്ലല്ലോ അതെങ്ങനെ ഉണ്ടായി?

അഞ്ചാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നടന്ന മത പീഡനത്തെത്തുടര്‍ന്ന്‌ പേര്‍ഷ്യക്കാരായ അനേകം ക്രൈസ്‌തവര്‍ കേരളത്തില്‍ അഭയം പ്രാപിക്കുകയുണ്ടായി. നാശോന്മുഖമായ പ്രേഷ്യന്‍സഭയ്‌ക്ക്‌ പണം പിരിക്കാനായി അവിടെനിന്ന്‌ പേര്‍ഷ്യന്‍ മെത്രാന്മാര്‍ ഇവിടെ വന്നിരുന്നു. ഇങ്ങനെ വന്ന മെത്രാന്മാരില്‍ നിന്നാണ്‌ മെത്രാന്‍ പദവി എന്ന ഒന്ന്‌ ക്രൈസ്‌തവര്‍ക്കുണ്ട്‌ എന്ന്‌ ഇവിടെയുള്ളവര്‍ അറിയുന്നത്‌.

ക്രമേണ അവിടെനിന്ന്‌ വരുന്ന മെത്രാന്മാര്‍ ദൈവികസ്ഥാനം ഉണ്ട്‌ എന്ന്‌ ഇവിടെയുള്ള ക്രൈസ്‌തവര്‍ വിശ്വസിക്കുന്ന ഒരു സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ എത്തി. കാരണം കൈവെയ്‌പ്‌ വഴിയേ ഈ പദവി കിട്ടുകയുള്ളൂ എന്ന വിശ്വാസവും ഈ കാലഘട്ടത്തില്‍ ബലപ്പെട്ടു.

അപ്പോള്‍ ഇവിടെയുള്ള ക്രൈസ്‌തവ സമൂഹം ഇന്നത്തെ യാക്കോബായ സഭയായി മാറിയിരുന്നുവോ?

ഒരിക്കലുമില്ല. അങ്ങനെ മാറുന്നത്‌ കൂനന്‍ കുരിശ്‌ സത്യത്തിന്‌ ശേഷമാണ്‌. കൂനന്‍ കുരിശ്‌ സത്യത്തെ തുടര്‍ന്ന് ഒരു വിഭാഗം ക്രൈസ്‌തവര്‍ (ഇന്നത്തെ സീറോ-മലബാര്‍ സഭാവിഭാഗം) കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. കൂനന്‍കുരിശ്‌ സത്യത്തില്‍ ഉറച്ചുനിന്നവരുടെ പിന്‍ഗാമികളാണ്‌ അവിഭക്ത യാക്കോബായ സഭയിലെ അംഗങ്ങള്‍.

കൂനന്‍കുരിശ്‌ സത്യത്തിന്റെ കാലത്ത്‌ ജാതിക്ക്‌ കര്‍ത്തവ്യനായിരുന്ന തോമ്മായെ പന്ത്രണ്ട്‌ കത്തനാരനമാര്‍ കൈവെച്ച്‌ മെത്രാനായി വാഴിക്കുകയായിരുന്നു. പിന്നീട്‌ ജെറൂശലേമിലെ ഒരു മെത്രാന്‍ ഇവിടെ വന്ന്‌ ഒന്നാം മാര്‍ത്തോമ്മായ്‌ക്ക്‌ കൈവെയ്‌പ്‌ നല്‍കി. അങ്ങനെ ഈ വിഭാഗം അന്ത്യാക്യോ സഭയുടെ ഭാഗമായി മാറി.

അപ്പോള്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ക്രൈസ്‌തവര്‍ക്ക്‌ മെത്രാനെ ഒന്നും കിട്ടിയില്ലേ?

ഒന്നാം മാര്‍ത്തോമ്മായായി വാഴിക്കപ്പെട്ട ജാതിക്ക്‌ കര്‍ത്തവ്യന്റെ ഒരു അനന്തരവനായ പറമ്പില്‍ ചാണ്ടിക്കത്തനാരെ കത്തോലിക്കാ വിഭാഗത്തിന്റെ മെത്രാനായി നിയോഗിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം രണ്ടര നൂറ്റാണ്ടോളം കാലം കത്തോലിക്കാസഭ തദ്ദേശീയ മെത്രാന്മാരെ വാഴിച്ചിരുന്നില്ല. വിദേശ മെത്രാന്മാരായിരുന്നു കത്തോലിക്കാസഭയെ ഭരിച്ചിരുന്നത്‌. 1896-ലാണ്‌ കത്തോലിക്കാ വിഭാഗത്തിന്‌ തദ്ദേശീയനായ ഒരു മെത്രാനെ ലഭിക്കുന്നത്‌.

താങ്കള്‍ പറഞ്ഞുവന്നത്‌ അനുസരിച്ചാണെങ്കില്‍ സീറോ മലബാര്‍ സഭയ്‌ക്ക്‌ കിട്ടേണ്ടിയിരുന്നത്‌ ഒരു പോര്‍ട്ടുഗീസ്‌ ലാറ്റിന്‍ പാരമ്പര്യമാണ്‌. കാരണം ഉദയംപേരൂര്‍ സൂനഹദോസും മറ്റും നടത്താന്‍ നേതൃത്വം വഹിച്ചത്‌ പോര്‍ട്ടുഗീസുകാരാണ്‌. അവരാണ്‌ ഇവിടുത്തെ ഒരു വിഭാഗം ക്രൈസ്‌തവരെ കത്തോലിക്കാസഭയിലേക്ക്‌ ചേര്‍ത്തത്‌.

ശരിയാണ്‌. പക്ഷേ സംഭവിച്ചത്‌ മറ്റൊന്നാണ്‌. കത്തോലിക്കാ സഭയില്‍ ചേര്‍ന്ന വിഭാഗം തങ്ങളുടെ പൂര്‍വപാരമ്പര്യങ്ങളിലേക്ക്‌ മടങ്ങാന്‍ ആഗ്രഹിച്ചു. ലത്തീന്‍ കുര്‍ബാനക്രമം അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. പേര്‍ഷ്യന്‍ മെത്രാന്മാരുമായുള്ള സമ്പര്‍ക്കം മൂലം അവര്‍ക്ക്‌ സുറിയാനിയോട്‌ വൈകാരികമായി ഒരു ബന്ധം ഉണ്ടായിരുന്നു.

ഇതിനെ ചൂഷണം ചെയ്‌തുകൊണ്ട്‌ കൂനന്‍ കുരിശ്‌ സത്യത്തിനുശേഷം പേര്‍ഷ്യയിലെ കല്‍ദായറീത്തിലെ ആരാധനക്രമം അവരുടെമേല്‍ പോര്‍ട്ടുഗീസുകാര്‍ അടിച്ചേല്‍പ്പിച്ചു. കേരളസഭയ്‌ക്ക്‌ കല്‍ദായ പാരമ്പര്യം ഇല്ല. ഈ കല്‍ദായസഭ രൂപംകൊള്ളുന്നത്‌ പതിനാറാം നൂറ്റാണ്ടിലാണ്‌ എന്നോര്‍ക്കുക. നാലാം നൂറ്റാണ്ടിനുമുമ്പ്‌ രൂപം കൊണ്ട കേരളത്തിലെ ക്രൈസ്‌തവസഭയുടെ മേല്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട കല്‌ദായസഭയുടെ ആരാധനക്രമങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ കെട്ടിവെയ്‌ക്കുകയായിരുന്നു.

അപ്പോള്‍ കൂനന്‍കുരിശ്‌ സതത്തിന്‌ ശേഷമാണ്‌ ഇവിടെ യാക്കോബായ സഭയും സീറോ മലബാര്‍ സഭയും ഉണ്ടാകുന്നത്‌.

ശരിയാണ്‌. കൂനന്‍കുരിശ്‌ സത്യത്തോട്‌ കൂറു പുലര്‍ത്തിയവര്‍ അന്ത്യോക്യന്‍ ആരാധനാരീതികളും കത്തോലിക്കാസഭാവിഭാഗം കല്‍ദായ ആരാധനക്രമവും പിന്തുടര്‍ന്നു. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലത്ത്‌ അന്ത്യോക്യന്‍ ആരാധനാരീതിയും കല്‍ദായ ആരാധനാരീതിയും കേരളത്തിലെ ക്രൈസ്‌തവര്‍ ഉപയോഗിച്ചിരുന്നില്ല.

ഫ്രാന്‍സിസ്‌ സേവ്യറിനെപ്പോലെയുള്ള മിഷണറിമാര്‍ തീരദേശം കേന്ദ്രീകരിച്ചാണ്‌ മതപരിവര്‍ത്തനം നടത്തിയത്‌. തീരദേശത്തുള്ള സാധാരണക്കാരായ മത്സ്യത്തൊഴിലാളികളായിരുന്നു മാനസാന്തരപ്പെട്ടത്‌. ഇതിന്‌ രാഷ്‌ട്രീയമായ ചില കാരണങ്ങളുമുണ്ടായിരുന്നു. ഈ വിഭാഗം ലത്തീന്‍ ആരാധനാക്രമം ഉപയോഗിച്ചുപോന്നു.

ഇനിയും കേരളത്തില്‍ ഒരു കത്തോലിക്കാ റീത്തുകൂടിയുണ്ട്‌ സീറോ മലങ്കരസഭ (മാര്‍ ഈവാനിയോസ്‌ കോളേജ്‌, പുഷ്‌പഗിരി മെഡിക്കല്‍ കോളേജ്‌ ഇവയൊക്കെ നടത്തുന്ന സഭ) അതെങ്ങനെയുണ്ടായി?

യാക്കോബായ സഭയില്‍ നിന്ന്‌ മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ 1930കളില്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നവരാണ്‌ മലങ്കര റീത്തുകാര്‍. അവര്‍ സീറോ മലബാര്‍ സഭയില്‍ ലയിക്കാന്‍ സന്നദ്ധരായില്ല. യാക്കോബായ സഭയിലെ അധികാരത്തര്‍ക്കത്തിന്റെ ഭാഗമായിരുന്നു ഈ പിളര്‍പ്പിന്റെയും പിന്നില്‍.
റോമാ അവരെ ഒരു പ്രത്യേക റീത്തായി അംഗീകരിച്ചു.

ഇനി നമുക്ക്‌ യാക്കോബായ സഭയിലേക്ക്‌ വരാം. എങ്ങനെയാണ്‌ ഈ സഭ പിളര്‍ന്ന്‌ രണ്ടായത്‌?

അന്ത്യോക്യയില്‍ നിന്ന്‌ വന്ന പാത്രിയാര്‍ക്കാമാര്‍ കേരളസഭയുടെമേല്‍ ഭൗതികാധികാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്‌ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌. സഭയ്‌ക്കുള്ളില്‍ അധികാരത്തര്‍ക്കം ഉണ്ടായപ്പോള്‍ അന്ത്യോക്യന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച്‌ പിരിഞ്ഞുപോയവരാണ്‌ ഇന്നത്തെ യാക്കോബായക്കാര്‍.

ഓര്‍ത്തഡോക്‌സ്‌ സഭയില്‍ പിളര്‍പ്പ്‌ ഉണ്ടായ സാഹചര്യം കുറച്ചുകൂടി വ്യക്തമാക്കാമോ?

അന്ത്യോക്യന്‍ പാര്‍ത്രിയാര്‍ക്കീസിന്‌ കേരളത്തിലെ ഓര്‍ത്തഡോക്‌സ്‌ സഭയുടെമേല്‍ ഭൗതികാധികാരം ഉണ്ടെന്ന്‌ അവകാശപ്പെട്ടതായി പറഞ്ഞല്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അന്നത്തെ അന്ത്യോക്യാ പാത്രിയാര്‍ക്കീസായിരുന്ന അബ്‌ദുള്‍ മിശിഹായുടെ `ഫിര്‍മാന്‍' (അംഗീകാരം) പിന്‍വലിച്ച്‌ അദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കി.

തുടര്‍ന്ന്‌ അബ്‌ദുള്ള എന്ന ഒരു പാത്രിയാര്‍ക്കീസിനെ വാഴിച്ചു. അബ്‌ദുള്ള പാത്രിയാര്‍ക്കീസ്‌ 1911-ല്‍ കേരളത്തില്‍ വന്ന്‌ സഭയുടെമേല്‍ ഭൗതികാധികാരംകൂടി സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിച്ചു. ഇതിനെ എതിര്‍ത്ത മെത്രാന്മാരെ പാത്രിയാര്‍ക്കീസ്‌ മുടക്കി. ഈ സാഹചര്യ ത്തില്‍ മുടക്കപ്പെട്ട്‌ അന്ത്യോക്യായില്‍ കഴിയുന്ന അബ്‌ദുള്‍ മിശിഹാ പാത്രിയാര്‍ക്കീസിനെ കേരളത്തിലേക്കു ക്ഷണിച്ചു.

രാജകല്‌പനയില്‍ പാത്രിയാര്‍ക്കാ സ്ഥാനം നഷ്‌ടപ്പെട്ടെങ്കിലും അബ്‌ദുള്‍ മിശിഹാ പാത്രിയാര്‍ക്കീസിന്‌ ദൈവികമായ കൈവെയ്‌പ്‌ നഷ്‌ടപ്പെട്ടില്ല എന്നു വാദിച്ച്‌ ഒരു വിഭാഗം മെത്രാന്മാരുടെ പിന്തുണയോടെ അബ്‌ദുള്‍ മിശിഹാ പാത്രിയാര്‍ക്കീസ്‌ കേരളത്തില്‍ ഒരു കാതോലിക്കയെ വാഴിച്ചു.

കാതോലിക്കാപക്ഷത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്ന എം.എ.അച്ചന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന പി.ടി. ഗീവര്‍ഗീസ്‌ അച്ചനാണ്‌ പിന്നീട്‌ ഓര്‍ത്തഡോക്‌സ്‌ സഭയില്‍ മെത്രാനായത്‌. അദ്ദേഹം തന്നെയാണ്‌ ഒരു വിഭാഗം അനുയായികളെയും ചേര്‍ത്ത്‌ റോമാസഭയില്‍ പുനപ്രവേശിച്ച്‌ മലങ്കര റീത്ത്‌
സ്ഥാപിച്ചത്‌. ഇന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ അങ്ങനെ അബ്‌ദുള്‍ മിശിഹാ പാത്രിയാര്‍ക്കീസ്‌ സ്ഥാപിച്ച്‌ കാതോലിക്കാപദവിയിലാണ്‌ സഭയുടെ മേലദ്ധ്യക്ഷനായി വാഴുന്നത്‌.

അപ്പോള്‍ ഈ മാര്‍ത്തോമ്മാ സഭ എന്ന വിഭാഗമോ?

അവര്‍ ഓര്‍ത്തഡോക്‌സ്‌ സമൂഹത്തില്‍ നിന്നും പ്രോട്ടസ്റ്റന്റ്‌ ആശയങ്ങളുമായി പത്തൊമ്പതാം നൂറ്റാണ്ടില്‍ പുറത്ത്‌ പോയ സഭയാണ്‌.

എന്നാല്‍ അവര്‍ക്ക്‌ ഒരു പ്രോട്ടസ്റ്റന്റ്‌ പാരമ്പര്യമല്ലല്ലോ. ഒരു എപ്പിസ്‌കോപ്പിക്കല്‍ സ്വഭാവം ആ സഭയ്‌ക്കുണ്ടല്ലോ.

ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു മെത്രാനായ അത്തനേഷ്യസിന്റെ നേതൃത്വത്തിലാണ്‌ മാര്‍ത്തോമ്മാ സഭ സ്ഥാപിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ കീഴിലുള്ള എല്ലാവരും ഈ സഭയിലേക്ക്‌ മാറുകയാണുണ്ടായത്‌. അങ്ങനെ ഒരു എപ്പിസ്‌കോപ്പിക്കല്‍ രീതി അവര്‍ സ്വീകരിച്ചു.

എന്നാല്‍ നമ്മള്‍ ഇന്ന്‌ കാണുന്ന തീവ്ര പ്രോട്ടസ്റ്റന്റ്‌ വിശ്വാസം ഈ സഭകളില്‍ ഇല്ലല്ലോ.

പെന്തിക്കോസ്‌ത്‌ സഭകള്‍ വ്യത്യസ്‌തമായ സാഹചര്യത്തില്‍ വ്യത്യസ്‌തമായ വിശ്വാസം സ്വീകരിച്ചവരാണ്‌. അവര്‍ക്ക്‌ പ്രോട്ടസ്റ്റന്റ്‌ സഭയുമായി ബന്ധമൊന്നുമില്ല. അവര്‍ എപ്പിസ്‌കോപ്പല്‍ രീതി പൊതുവേ സ്വീകരിച്ചിട്ടില്ല.

ആഗ്ലിക്കന്‍ സഭ ഒരു ലൂഥറന്‍ വിശ്വാസമുള്ള സഭയാണോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം അത്‌ ഹെന്റി എട്ടാമന്‍ രണ്ടാമത്‌ വിവാഹം കഴിക്കാന്‍ ഉണ്ടാക്കിയ സഭയല്ലേ?

ലൂഥര്‍ തന്റെ സഭാനവീകരണപ്രസ്ഥാനം യൂറോപ്പില്‍ ആരംഭിക്കുമ്പോള്‍ കത്തോലിക്കാസഭയോട്‌ ഒട്ടിനിന്ന രാജാവായിരുന്നു ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍. അദ്ദേഹം ലൂഥറിനെതിരെ ഒരു ഗ്രന്ഥംതന്നെ രചിച്ചു. ഇതിന്‌ പാരിതോഷികമായി ഡിഫന്‍ഡര്‍ ഓഫ്‌ ഫെയ്‌ത്ത്‌ (വിശ്വാസ സംരക്ഷകന്‍) എന്ന പദവി
മാര്‍പ്പാപ്പാ അദ്ദേഹത്തിന്‌ നല്‍കി. എന്നാല്‍ ഹെന്‍ട്രി എട്ടാമന്റെ വിവാഹമോചന പ്രശ്‌നത്തില്‍ അദ്ദേഹം മാര്‍പ്പാപ്പായുമായി ഇടഞ്ഞു. തുടര്‍ന്നാണ്‌ ആംഗ്ലിക്കന്‍ സഭ സ്ഥാപിക്കപ്പെടുന്നത്‌. അത്‌ ലൂഥറന്‍ സഭയാണെന്ന്‌ അംഗീകരിക്കാന്‍ വിഷമമുണ്ട്‌.

ഈ സി.എസ്‌.ഐ., സി.എന്‍.ഐ. തുടങ്ങിയ സഭകളോ?

ആംഗ്ലിക്കന്‍സഭയുടെ തലവന്‍ ബ്രിട്ടീഷ്‌ രാജാവാണ്‌! ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ആംഗ്ലിക്കന്‍ സഭ സൗത്ത്‌ ഇന്ത്യന്‍ സഭയെന്നും നോര്‍ത്ത്‌ ഇന്ത്യന്‍ സഭയെന്നും രണ്ടായി തിരിഞ്ഞ്‌ ദേശീയസഭയായി. അവര്‍ക്ക്‌ ഇന്ന്‌ ആംഗ്ലിക്കന്‍ സഭയുമായി സഹോദരസഭാബന്ധമേയുള്ളൂ.

ഇത്രയും സമയം നമ്മള്‍ സഭകളെപ്പറ്റി സംസാരിച്ചു. ഇനി നമുക്ക്‌ വിശ്വാസത്തെപ്പറ്റി സംസാരിക്കാം. ക്രൈസ്‌തവവിശ്വാസത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം യേശുക്രിസ്‌തു ദൈവമാണ്‌ അല്ലെങ്കില്‍ ത്രിത്വത്തിന്റെ ഭാഗമാണ്‌. അദ്ദേഹമാണ്‌ യഹൂദകുലത്തിന്‌ വാഗ്‌ദാനം ചെയ്യപ്പെട്ട രക്ഷകന്‍ എന്നാണ്‌. അപ്പോള്‍ യഹൂദരും ത്രിത്വത്തില്‍വിശ്വസിക്കുന്നുണ്ടോ?

യഹൂദര്‍ ത്രിത്വത്തില്‍ വിശ്വസിക്കുന്നില്ല. യേശുവിനെ അവര്‍ രക്ഷകനായോ പ്രവാചകനായോ അംഗീകരിച്ചിട്ടില്ല. അവര്‍ക്ക്‌ ഒരു രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷയുണ്ടായിരുന്നു. അവര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ അവരെ റോമന്‍ അടിമത്വത്തില്‍നിന്ന്‌ മോചിപ്പിക്കുമെന്ന്‌ അവര്‍ വിശ്വസിച്ചു.

പഴയനിയമത്തിലും യഹൂദ വിശ്വാസത്തിലും മരണാനന്തര ജീവിതത്തെപ്പറ്റിപരാമര്‍ശം ഉണ്ടല്ലോ.

യഹൂദര്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചതായി തെളിവുകളില്ല. മനുഷ്യന്‌ ആത്മാവ്‌ ഉണ്ട്‌ എന്നത്‌ അവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല.

എന്നാല്‍ യേശു മരണാനന്തര ജീവിതത്തെപ്പറ്റി ഒരുപാട്‌ പറയുന്നുണ്ടല്ലോ?

തീര്‍ച്ചയായും. എന്നാല്‍ അത്‌ ഒരിക്കലും സെമറ്റിക്ക്‌ വീക്ഷണമല്ല. മനുഷ്യന് ആത്മാവ്‌ ഉണ്ടെന്നും മരണാനന്തരം ആത്മാവ്‌ നിലനില്‍ക്കുമെന്നുള്ള മതവീക്ഷണം പൊതുവെ ഭാരതീയമാണ്‌. യേശുവിന്റെ ജീവിതത്തില്‍ 12 വയസ്‌ മുതല്‍ 30 വയസുവരെയുള്ള കാലഘട്ടം എവിടെ ജീവിച്ചു എന്നതിന്‌ തെളിവുകളില്ല.

യേശു ഇന്ത്യയില്‍ വന്നു എന്നും അവിടെനിന്നാണ്‌ മനുഷ്യാത്മാവിനെക്കുറിച്ചുള്ള ധാരണ സ്വീകരിച്ചതെന്നുമുള്ള ഒരു വാദമുണ്ട്‌. യഹൂദ മതത്തിലെ ദൈവസങ്കല്‌പം ക്രൂരനും പ്രതികാരം ചെയ്യുന്നവുമായ ഒരു സത്തയാണ്‌.

യേശു ദൈവത്തെ കരുണാമയനായ ഒരു പിതാവായിട്ടാണ്‌ അവതരിപ്പിച്ചത്‌. കരുണ, പരസ്‌പരസ്‌നേഹം, നീതി മുതലായ സങ്കല്‌പം മുതലായവ ബുദ്ധമത ആശയങ്ങളാണ്‌ എന്നാണ്‌ ആധുനിക മതഗവേഷകര്‍ പറയുന്നത്‌. യേശു ഈ ആശയങ്ങള്‍ സ്വീകരിച്ചു എന്നാണ്‌ പലരും ഇന്ന്‌ വാദിക്കുന്നത്‌.

അപ്പോള്‍ താങ്കള്‍ യേശവിനെ കാണുന്നത്‌ ദൈവമായിട്ടല്ലേ?

യേശുവിനെ വിവിധ വീക്ഷണങ്ങളില്‍നിന്നും നോക്കിക്കണ്ടവരുണ്ട്‌. അവരെയാണ്‌ തിയോളജിയന്മാര്‍ അല്ലെങ്കില്‍ ദൈവശാസ്‌ത്രജ്ഞനമാര്‍ എന്നു വിളിക്കുന്നത്‌. ഈ ദൈവശാസ്‌ത്രജ്ഞന്മാരാണ്‌ യേശുവിന്റെ പൂര്‍ണവ്യക്തിത്വത്തെ വികലമാക്കിയത്‌.

ദൈവം എല്ലാ നന്മകളുടെയും സമാഹാരണമാണെന്നാണ്‌ മനുഷ്യന്‍ വിശ്വസിക്കുന്നത്‌. അതുവരെ ആരും ദൈവത്തെ വിവരിക്കാത്തവിധം തലത്തില്‍ കരുണാമയനായ ഒരു ദൈവസങ്കല്‌പമാണ്‌ യേശു അവതരിപ്പിച്ചത്‌. തന്മൂലം യേശുവിനെ ദൈവപുത്രനായി പിന്‍കാല ദൈവശാസ്‌ത്രജ്ഞന്മാര്‍ വിവരിച്ചു.

യേശു ഒരിക്കലും താന്‍ ദൈവപുത്രനാണ്‌ എന്ന്‌പറഞ്ഞിട്ടില്ല. പക്ഷേ അവിടുത്തെ ഉന്നതമായ മനുഷ്യവ്യക്തിത്വം അദ്ദേഹത്തെ ഈശ്വരപുത്രസമാനനാക്കി. യേശു ദൈവപുത്രനാണോ എന്നത്‌ ഒരു ദൈവശാസ്‌ത്ര വിവാദവിഷയമാണ്‌. പക്ഷേ അവിടുന്ന്‌ മനുഷ്യപുത്രനെന്ന നിലയില്‍ ഈശ്വരനില്‍ ആരോപിക്കപ്പെട്ട എല്ലാ നന്മകളും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ യേശു ദൈവപുത്രനായി.

അപ്പോള്‍ താങ്കള്‍ ഒരു ഈശ്വരവാദിയാണോ? അങ്ങനെയങ്കില്‍ താങ്കളുടെ ഈശ്വര സങ്കല്‌പം എങ്ങനെ?

തീര്‍ച്ചയായും ഞാന്‍ ഈശ്വരവിശ്വാസിയാണ്‌. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്‌തുതികളും ബലികളും ആഗ്രഹിക്കാത്തവനും, സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു.

അപ്പോള്‍ തിന്മയില്ലാത്ത ഒരു മനുഷ്യനായി ഈശ്വരനെ കരുതാമോ?

തിന്മ എന്താണ്‌? അത്‌ ആപേക്ഷികമാണ്‌. ഉദാഹരണത്തിന്‌ ഒരു ക്രിസ്‌ത്യാനിയുടെ മുമ്പില്‍ പന്നി ഇറച്ചി വിളമ്പുന്നത്‌ ഒരു നല്ല കാര്യമായി അയാള്‍ കാണുന്നു. എന്നാല്‍ ഒരു മുസല്‍മാന്റെ മുമ്പില്‍ പന്നിയിറച്ചി വിളമ്പുന്നത്‌ തിന്മയാണ്‌.

അതുപോലെ ഈശ്വരനെ ഓരോരുത്തരും ദര്‍ശിക്കുന്നത്‌ ഓരോ വിധത്തിലാണ്‌. രോഗമുള്ളവന്‌ സൗഖ്യമുള്ളവനാക്കുന്നവനാണ്‌ ഈശ്വരന്‍. ദാരിദ്ര്യമുള്ളവന്‌ തന്റെ ദാരിദ്ര്യം നീക്കുന്നവനാണ്‌ ഈശ്വരന്‍. മനസുഖമില്ലാത്തവന്‌ മനസുഖമുള്ളവനാക്കുന്നവനാണ്‌ ഈശ്വരന്‍. അതുകൊണ്ട്‌ ഈശ്വരദര്‍ശനം ആപേക്ഷികമായിരിക്കും. എന്താണ്‌ സൗന്ദര്യം. ആര്‍ക്കും അത്‌ വിശദീകരിക്കാനാവില്ല. സൗന്ദര്യത്തെക്കുറിച്ച്‌ ഓരോരുത്തര്‍ക്കും ഓരോ സങ്കല്‌പനമാണ്‌ ഉള്ളത്‌.

അപ്പോള്‍ ഈശ്വരന്‍ മനുഷ്യനല്ല. അങ്ങനെയെങ്കില്‍ സൃഷ്‌ടി നടത്തിയത്‌ ദൈവമാണ്‌ എന്ന്‌ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഓരോ സൃഷ്‌ടിയുടെയും പിന്നില്‍ ഈശ്വരനാണോ?

സൃഷ്‌ടി നടത്തിയത്‌ ഈശ്വരനാണ്‌ എന്ന്‌ വിശ്വസിക്കാം. എന്നാല്‍ അത്‌ പ്രത്യേക രീതിയിലാണ്‌. ഞാന്‍ വിശ്വസിക്കുന്നത്‌ ആദ്യ സൃഷ്‌ടി നടത്തിയത്‌ ഈശ്വരനാകാം. പിന്നീട്‌ അത്‌ ഒരു ചെയിന്‍ റിയാക്ഷനായി സൃഷ്‌ടി തുടരുകയാണ്‌.

ഈ ആശയം കുറച്ചുകൂടി വ്യക്തമാക്കാമോ?

ഒരു ഉദാഹരണം പറഞ്ഞാല്‍ ഞാന്‍ ഒരു പറമ്പില്‍ ഒരു ചെടി നടുന്നു. പിന്നീട്‌ എന്റെ പങ്കാളിത്തമില്ലാതെ തന്നെ അതിന്റെ വിത്തില്‍ നിന്ന്‌ പുതിയ ചെടികള്‍ ഉണ്ടാകുന്നു. ഈ ഒരു രീതിയിലാണ്‌ സൃഷ്‌ടി ദൈവം നടത്തിയത്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

മനുഷ്യന്‌ മരണാനന്തര ജീവിതം ഉണ്ടെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ? അതല്ലെങ്കില്‍ ഭീകരമായ ഒരു നരകം ഉണ്ടോ?

മതഗ്രന്ഥങ്ങളില്‍ പറയുന്നത്‌പോലെ ഒരു നരകം ഏര്‍പ്പെടുത്താന്‍ കരുണാമയനായ ദൈവത്തിന്‌ കഴിയില്ല എന്നാണ്‌ എന്റെ വിശ്വാസം.

മനുഷ്യന്റെ ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌ എന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?

പൂര്‍ണമായും അങ്ങനെയല്ല എന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ, ആരാണ്‌ ഇതിന്റെ സോഴ്‌സ്‌ കോഡ്‌ എഴുതിയതെന്ന്‌ ചോദിച്ചാല്‍ എനിക്കറിയില്ല. ഇംഗ്ലണ്ടിലെ രാജാവിന്റെ മകനായി ചാള്‍സ്‌ ജനിച്ചു. സാധാരണക്കാരനായ മത്തായിയില്‍നിന്നും വര്‍ക്കി ജനിക്കുന്നു. ഈ വ്യത്യാസം എന്തുകൊണ്ടാണ്‌?

ഓരോരുത്തരും ഓരോ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവനാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. എന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഇങ്ങനെ വിധിയുടെ വിലാസമാണെന്ന്‌ ഞാന്‍ കരതുന്നു. ദേവഗിരി കോളേജില്‍നിന്നും ഞാന്‍ പോരാനുണ്ടായ സാഹചര്യം തന്നെ ഒരു വിധിയായിട്ടാണ്‌ ഞാന്‍ കരുതുന്നത്‌. അല്ലെങ്കില്‍ ബൈബിള്‍ പഠിക്കാത്ത എനിക്ക്‌ ബൈബിള്‍ തര്‍ജമ പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ല.

എന്നാല്‍ ബൈബിളിലും ഖുറാനിലുമൊക്കെ ഇതുപോലൊരു ആശയം കൊള്ളുന്ന വചനങ്ങള്‍ ഉണ്ടല്ലോ? ബൈബിളില്‍ യൂദാസിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനെ വിധി നിയോഗിച്ചതാണ്‌ എന്ന ഒരു വാദമുണ്ട്‌. പിന്നെ ബൈബിളും മറ്റ്‌ മിക്ക മതഗ്രന്ഥങ്ങളും പിന്നീട്‌ ക്രോഡീകരിച്ചവയാണ്‌. അപ്പോള്‍ അത്‌ എഴുതിയവരുടെ ചിന്തകളും അതില്‍ സ്വാധീനം ചെലുത്തിയേക്കാം. എല്ലാം പൂര്‍ണം എന്ന്‌ വിശ്വസിക്കുന്നിടത്തെ ഇത്തരം ചിന്തകള്‍ക്ക്‌ പ്രസക്തിയുള്ളൂ.

പിന്നെ യൂദാസിന്റെ ഉദാഹരണം യൂദാസ്‌ എന്താണ്‌ ചെയ്‌ത തെറ്റ്‌. യേശിവിനെകാണിച്ച്‌ കൊടുത്തതോ? അദ്ദേഹം പത്രോസിനെപ്പോലെ യേശുവിനെ അറിയില്ലാ എന്ന്‌ പറഞ്ഞില്ലല്ലോ? യൂദാസിന്‌ യേശുവിനെ വിശ്വാസമായിരുന്നു. താന്‍ അദ്ദേഹത്തെ കാട്ടിക്കൊടുത്താലും യേശുവിനെ പുരോഹിതര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന്‌ യൂദാസ്‌ വിശ്വസിച്ചിരിക്കണം ഇല്ലെങ്കില്‍ അദ്ദേഹം മരിച്ചപ്പോള്‍ കിട്ടിയ പ്രതിഫലവും വലിച്ചെറിഞ്ഞ്‌ ആത്മഹത്യ ചെയ്യാന്‍ യൂദാസ്‌ പോകുമോ?

ഇനി അവസാനമായി ഒരു ചോദ്യംകൂടി മതഗ്രന്ഥങ്ങളെ എങ്ങനെയാണ്‌ കാണേണ്ടത്‌?

ഏതൊക്കെ മതഗ്രന്ഥങ്ങളില്‍ നന്മയുടെ അംശമുണ്ടോ അവയൊക്കെ സ്വീകരിക്കുക. അവയില്‍ എന്തെങ്കിലും തിന്മയുടെ അംശം ഉണ്ടെന്ന്‌ കണ്ടാല്‍ അവ കൂട്ടിച്ചേര്‍ക്കപ്പെട്ടതോ സ്വാര്‍ത്ഥ താല്‌പര്യപ്രകാരം എഴുതിയതോ ആണ്‌ എന്നു കരുതി തള്ളിക്കളയുക.

മതഗ്രന്ഥങ്ങളെല്ലാം തന്നെ പിന്നീട്‌ ക്രോഡീകരിക്കപ്പെട്ടിട്ടുളളവയാകയാല്‍ അത്‌ എഴുതിയവരുടെ ചിന്തകളും സ്വാര്‍ത്ഥ താല്‌പര്യങ്ങളും അതില്‍ ഉണ്ടാകാന്‍ ഇടയുണ്ട്‌. ഉദാഹരണത്തിന്‌ നമ്മുടെ ഇടയില്‍ ജീവിച്ച ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച്‌ വ്യത്യസ്‌തമായ പല വീക്ഷണങ്ങളും ഇന്ന്‌ നിലവിലുണ്ട്‌. ഒരു വിഭാഗം അദ്ദേഹം യുക്തിവാദിയാണ്‌ എന്നു പറയുമ്പോള്‍ മറുഭാഗം ആത്മീയവാദിയെന്ന്‌ പറയുന്നു.

നമ്മുടെ ഇടയില്‍ ജീവിച്ച ഒരാളെപ്പറ്റി ഇത്തരത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു എന്നിരിക്കെ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ജീവിച്ച്‌, അവരുടെ കാലശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ ക്രോഡീകരിക്കപ്പെട്ട ചെയ്‌ത ഗ്രന്ഥങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിക്കൂടെന്നില്ലല്ലോ.

1 comment:

  1. ഏതൊക്കെ മതഗ്രന്ഥങ്ങളില്‍ നന്മയുടെ അംശമുണ്ടോ അവയൊക്കെ സ്വീകരിക്കുക. അവയില്‍ എന്തെങ്കിലും തിന്മയുടെ അംശം ഉണ്ടെന്ന്‌ കണ്ടാല്‍ അവ കൂട്ടിച്ചേര്‍ക്കപ്പെട്ടതോ സ്വാര്‍ത്ഥ താല്‌പര്യപ്രകാരം എഴുതിയതോ ആണ്‌ എന്നു കരുതി തള്ളിക്കളയുക.

    മതഗ്രന്ഥങ്ങളെല്ലാം തന്നെ പിന്നീട്‌ ക്രോഡീകരിക്കപ്പെട്ടിട്ടുളളവയാകയാല്‍ അത്‌ എഴുതിയവരുടെ ചിന്തകളും സ്വാര്‍ത്ഥ താല്‌പര്യങ്ങളും അതില്‍ ഉണ്ടാകാന്‍ ഇടയുണ്ട്‌. ഉദാഹരണത്തിന്‌ നമ്മുടെ ഇടയില്‍ ജീവിച്ച ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച്‌ വ്യത്യസ്‌തമായ പല വീക്ഷണങ്ങളും ഇന്ന്‌ നിലവിലുണ്ട്‌. ഒരു വിഭാഗം അദ്ദേഹം യുക്തിവാദിയാണ്‌ എന്നു പറയുമ്പോള്‍ മറുഭാഗം ആത്മീയവാദിയെന്ന്‌ പറയുന്നു.

    ഈ കൂട്ടിചേര്‍ക്കലുകള്‍ ഇപ്പോഴും നടക്കുന്നു എന്നതിന് തെളിവാണ് കല്‍ക്കിയെക്കുരിച്ചുള്ള പുതിയ പ്രചാരണംവും ദസറ പെരുനാള്‍ എന്ന പ്രയോഗവും മറ്റും. സ്വന്തം മത ഗ്രന്ഥങ്ങളില്‍ ഉറപ്പില്ലാത്തത്‌ കൊണ്ടാകാം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ തിരുത്തലുകള്‍ നടത്തി തെറ്റ് പ്രചരിപ്പിക്കുന്നത്.

    ReplyDelete